തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ്; റിപ്പോര്‍ട്ട് തേടി കേന്ദ്രമന്ത്രി ജെ പി നദ്ദ
തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വിഷയം വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
താൻ സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിഷയം അറിഞ്ഞതെന്ന് ജെ പി നദ്ദ പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വിഷയം സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും നദ്ദ അറിയിച്ചു . ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജെ പി നദ്ദയുടെ പ്രതികരണം.
അതേസമയം , കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവാണ് ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയത്. അമരാവതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.
അവസാന അഞ്ച് വര്‍ഷമായി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. പിന്നാലെ സംസ്ഥാന ഐടി വകുപ്പ് മന്ത്രി നര ലോകേഷും വിഷയം ഏറ്റെടുത്ത് രംഗത്തെത്തി. എന്നാല്‍ ആരോപണം വൈഎസ്ആര്‍ കോണ്‍ഗ്രസ് തള്ളിയിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതിന് തെളിവായി ലാബ് റിപ്പോര്‍ട്ട് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പുറത്തുവിട്ടു. 2024 ജൂലൈ ഒന്‍പതിന് നടത്തിയ പരിശോധനയുടെ ഫലമായിരുന്നു ടിഡിപി പുറത്തുവിട്ടത്.