അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റു;തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാEണാതായി;അഞ്ജലി സിംഗ് എന്ന യുവതി കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

single-img
4 January 2023

ദില്ലി : ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ അഞ്ജലി സിംഗ് എന്ന യുവതി കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിലോമീറ്ററുകളോളം റോഡിലില്‍ ശരീരും ഉരഞ്ഞ് തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നു. റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി ഉരഞ്ഞു അടര്‍ന്നു. ഇരു കാലുകള്‍ക്കും മാരകമായി പരിക്കേറ്റു. അപകടത്തില്‍ പെണ്‍കുട്ടിയുടെ കാലുകള്‍ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമിറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച്‌ കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡില്‍ ഉരഞ്ഞില്ലാതായി. കേസില്‍ അറസ്റ്റിലായ അഞ്ച് യുവാക്കളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

അപകടത്തില്‍ അഞ്ജലി കാറിന് അടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം മുന്നോട്ടെടുത്തുവെന്ന് നിധി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. അലറി വിളിച്ചിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്തിയില്ല. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നാലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം പറഞ്ഞു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്കരിച്ചു. അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.