ആൻ മരിയ മരണത്തിന് കീഴടങ്ങി; കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
ആൻ മരിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു നാട്. രണ്ടു മാസത്തിലേറെയായി ജീവനുവേണ്ടി മല്ലിടുകയായിരുന്നു അവൾ. എന്നാൽ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ട് 17 കാരി യാത്രയായി. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോസാണ് വിടപറഞ്ഞത്.
ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റി. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ആൻ മരിയ ഹൃദ്രോഗിയായിരുന്നു. അമൃത ആശുപത്രിയിലാണ് കുട്ടിയെ ചികിത്സിച്ചിരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. രണ്ടര മണിക്കൂറിലാണ് ആൻ മരിയയേയും കൊണ്ടുള്ള ആംബുലൻസ് കട്ടപ്പനയിൽ നിന്ന് കൊച്ചിയിൽ എത്തിയത്.