അന്ന ഉറങ്ങിയത് നാല് മണിക്കൂർ മാത്രം; തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തതായി സുഹൃത്ത്
പൂനെയിൽ മലയാളിയായ യുവതി അന്നയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . അന്ന ജോലി ചെയ്തിരുന്നത് തുടർച്ചയായി 18 മണിക്കൂറോളമെന്ന് അന്നയുടെ സുഹൃത്ത് ആൻമേരി പറയുന്നു . ഇതിനുപുറമെ ആകെ നാല് മണിക്കൂർ മാത്രമാണ് അന്ന ഉറങ്ങിയതെന്നും, ഇടവേളകളില്ലാതെ ജോലി ചെയ്യുന്ന ഒരു അന്തരീക്ഷത്തിലായിരുന്നു അന്ന ഉണ്ടായിരുന്നതെന്നും ആൻമേരി പറഞ്ഞു.
നല്ല ഉത്സാഹത്തോടെ ആയിരുന്നു അന്ന ജോലിക്ക് വേണ്ടി പോയത്. പക്ഷെ ജോലിക്ക് പ്രവേശിച്ചതിന് ശേഷം വലിയ രീതിയിലേക്കുള്ള മാനസിക പിരിമുറുക്കത്തിലേക്ക് മാറിയെന്നും സുഹൃത്ത് പറഞ്ഞു. പലതവണ അന്ന പറഞ്ഞിട്ടുണ്ട് ഇത്തരത്തിലാണ് ജോലിയുടെ രീതിയെങ്കിൽ ജോലി ഉപേക്ഷിക്കേണ്ടി വരുമെന്നും സുഹൃത്ത് ആൻമേരി പറഞ്ഞു.
അതിനിടെ, ഇ വൈ കമ്പനിയെ പ്രതിരോധത്തിൽ ആക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ പുറത്തുവന്നു . ജീവനക്കാരിയായ നസീറ കാസി ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്. കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ഉണ്ടെന്ന് മെയിലിൽ വ്യക്തമാക്കുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി നൽകിയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും നസീറ പറയുന്നു.