അന്നയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ല; വിദ്യാർത്ഥികൾ ആത്മശക്തി വളർത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്: നിർമല സീതാരാമൻ
അമിത ജോലിഭാരത്താൽ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിവാദമായ പ്രതികരണത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മരണപ്പെട്ട പെൺകുട്ടിയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞ ധനമന്ത്രി, വിദ്യാർത്ഥികൾ ആത്മശക്തി വളർത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചതെന്നും വ്യക്തമാക്കി.
കുട്ടികൾക്ക് പിന്തുണ നൽകുന്നതിൽ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് ശ്രമിച്ചത്. താൻ അന്ന് പ്രഭാഷണം നടത്തിയ സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കായി ധ്യാനകേന്ദ്രം സ്ഥാപിച്ചിരുന്നു. അതിനെ സൂചിപ്പിച്ചായിരുന്നു തന്റെ പരാമർശമെന്നും അവർ പറഞ്ഞു. നിലവിൽ തൊഴിൽ ചൂഷണം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിയുടെ വിമർശനത്തിനു മറുപടിയായി സോഷ്യൽ മീഡിയയായ എക്സിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, അന്നയുടെ മരണത്തിൽ നിർമ്മല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായിരുന്നു.
കുട്ടികൾ സമ്മർദ്ദം ഇല്ലാതെയാക്കാൻ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മർദ്ദങ്ങളെ മറികടക്കാൻ കുട്ടികൾക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം. തമിഴ്‌നാട്ടിലെ ചെന്നൈയിലെ സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിലായിരുന്നു നിർമല സീതാരാമൻ ഇതെല്ലാം പറഞ്ഞത്.