കൊല്ലത്ത് ഡോക്ടര്‍ക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം


കൊല്ലം: കൊല്ലത്ത് ഡോക്ടര്‍ക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം. ജില്ലാ ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി വിഷ്‌ണു(31) ആണ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്.
ശനിയാഴ്‌ച വൈകുന്നേരം 5.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായ ഡോ. എ ജാസ്‌മിനും ഹൗസ് സര്‍ജന്മാരും മറ്റ് രോഗികളും ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിഷ്ണുവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ അതിക്രമം കാട്ടിയ പ്രതി ഡോക്ടറുടെ മുറിയിലേക്ക് ഓടിക്കയറി മേശയിലേക്ക് ആഞ്ഞുചവിട്ടിയ ശേഷം ഭീഷണിമുഴക്കി. വിലങ്ങുവെച്ച പ്രതിയെ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് ബലമായി പിടിച്ചിരിക്കുകയായിരുന്നു.
പ്രതിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എസ്‌ഐയെ അറിയിച്ചപ്പോള്‍ വൈദ്യപരിശോധന എങ്ങനെയും പൂര്‍ത്തീകരിക്കാന്‍ എസ്‌ഐ നിര്‍ബന്ധിച്ചതായും ഡോ ജാസ്മിന്‍ പറഞ്ഞു. പ്രതി മദ്യപിച്ചിട്ടുണ്ടെന്നും അക്രമസ്വഭാവം കാട്ടുന്നെന്നും ഡോക്ടറെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ചിരുന്നതിനാല്‍ ഡോക്ടര്‍ വൈദ്യപരിശോധന നടത്താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒപി ചീട്ടില്‍ അക്രമസ്വഭാവം കാട്ടുന്നെന്ന് എഴുതിയതായും പൊലീസ് പറഞ്ഞു. തിരികെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ശാന്തനായതോടെ ജാമ്യത്തില്‍ വിട്ടു.