തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം; മൂന്നുപേര്‍ മരിച്ചു
അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുന്‍പാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം
തിരിച്ചടിയായി. ഭൂകമ്ബ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയില്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളില്‍ അഭയം തേടിയത്.
രണ്ടാഴ്ച മുന്പുണ്ടായ ഭൂകന്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെന്‍റുകളില്‍ ഉറങ്ങുകയായിരുന്നവര്‍ വീണ്ടും ദുരന്തമുഖത്തായി. കാല്‍ക്കീഴില്‍ ഭൂമി പിളരുന്നത് പോലെ തോന്നിയാണ് പലരും ഞെട്ടി ഉണര്‍ന്നത്. ടെന്‍റുകള്‍ക്ക് വെളിയില്‍ ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും ഒട്ടും പ്രതീക്ഷയില്ലാതെ ജീവിക്കേണ്ടി വരുന്നവര്‍.
പ്രാദേശിക പാര്‍ട്ടി നേതാവായ ലുഫ്തി കാസ്കി ബെംഗു ടര്‍ക്ക് ടിവിയില്‍ അഭിമുഖം നല്‍കുന്പോഴാണ് ഭൂചലനം ഉണ്ടായത്.
പേടിച്ചിരിക്കുന്ന കുട്ടികള്‍, പ്രായം ചെന്നവര്‍,വീണ്ടുമുണ്ടായ ഭൂചലനത്തില്‍ തളര്‍ന്ന് വീണവര്‍ ഇനിയും ഒരു ആഘാതം താങ്ങാന്‍ കഴിയാത്ത ഒരു ജനത കൈയില്‍ കിട്ടാവുന്നതെല്ലാം എടുത്ത് വീണ്ടും തെരുവിലുറങ്ങുകയാണ്. ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും വീണ്ടും റോഡുകളില്‍ ചീറിപ്പായുന്നു. ഇനി ഒരു ഭൂചലനം കൂടി താങ്ങാനാവില്ല തുര്‍ക്കിക്കും സിറിയയ്ക്കും.