എസ്എടി ആശുപത്രിയിലെ നിയമനവും പാർട്ടി ഓഫിസ് വഴിയോ? അടുത്ത കത്തും പുറത്തായി

single-img
5 November 2022

കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്‌തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതിന് പിന്നാലെ അടുത്ത കത്തും പുറത്തായി. എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തിരുവനന്തപുരം കോർപറേഷൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് പാർട്ടി ലിസ്റ്റ് ചോദിക്കുന്ന കത്താണ് ഇപ്പോൾ പുറത്തായത്.

കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് കത്തയച്ചത്. കോർപറേഷനിലെ 295 താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് നേരത്തേ പുറത്തു വന്നിരുന്നു.

എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തിൽ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് ലിസ്റ്റ് ചോദിച്ച് കത്തയച്ചത്. ജീവനക്കാരെ നിയമിക്കാൻ സെപ്റ്റംബർ 23ന് ചേർന്ന മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചതായി കത്തിൽ പറയുന്നു.

കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് ജില്ലാ സെക്രട്ടറിയോട് അഭ്യർഥിച്ചിരിക്കുന്നത്. മാനേജരുടെ ഒഴിവിലേക്കു ശമ്പളം 20,000 രൂപയാണ്. കെയർ ടേക്കർക്കും സെക്യൂരിറ്റിക്കും അഞ്ച് ഒഴിവുകളുണ്ട്. ശമ്പളം 17,000രൂപ. ക്ലീനറുടെ മൂന്നു ഒഴിവുകളിലേക്ക് ശമ്പളം 12,500രൂപയാണ്. എന്നാൽ ഈ കത്തിനെ കുറിച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പണ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.