ദില്ലി ഐഐടിയിൽ വീണ്ടും ആത്മഹത്യ; രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യ


ദില്ലി: ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിടെക് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി.
അവസാന വർഷ വിദ്യാർത്ഥിയായ അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതിന് ആറ് മാസത്തേക്ക് പിന്നാലെ ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു. പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ ഡിപ്പാർട്ട്മെന്റിൽ തന്നെ കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. സമാനമായ സാഹചര്യത്തിലായിരുന്നു. ഇരുവരും ദളിത് വിദ്യാർത്ഥികളാണ്. ദളിത് വിദ്യാർത്ഥികളുടെ ശവപ്പറമ്പായി ഐ ഐ ടി മാറുന്നുവെന്ന് അംബേദ്കർ ഫൂലെ പെരിയാർ സ്റ്റുഡന്റ് സർക്കിൾ വിമർശിച്ചു.