എംടിയുടെ രചനയിൽ ആന്തോളജി ‘മനോരഥങ്ങൾ’; അഭിനയിക്കുന്നത് മമ്മൂട്ടി, മോഹൻലാൽ, ഫഹദ്, പാർവതി


എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാള സിനിമയിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി സിനിമയായ ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുന്നു. ഈ ഓണക്കാലത്തെ സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ട്രെയ്‌ലർ ലോഞ്ച് എംടിയുടെ ജന്മദിനമായ ജൂലൈ 15നാണ് നടക്കുന്നത്.
മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്.
എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.
ഇതോടൊപ്പം ,എംടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു.ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.