ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ ഇല്ലാതാക്കി നിശബ്ദരാക്കാനാവില്ലെന്ന് നമുക്ക് ഉറപ്പാക്കാനാവണം: എംവി ഗോവിന്ദൻ മാസ്റ്റർ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ ഇല്ലാതാക്കി നിശബ്ദരാക്കാനാവില്ലെന്ന് നമുക്ക് ഉറപ്പാക്കാനാവണമെന്നും അതിന് സംഘടിതമായ പ്രതിരോധം കൂടുതൽ ഊർജ്ജിതമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ രണ്ട് മനുഷ്യജീവനുകൾ നഷ്ടമായിരിക്കുന്നതായും ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം നാടിനാകെ ഞെട്ടലും നടുക്കവുമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഈ അക്രമികൾ നിമിഷംനേരംകൊണ്ട് ഇല്ലാതാക്കിയത്. വീടിനും, നാടിനും പ്രിയപ്പെട്ടവരായിരുന്നു ഷമീറും ഖാലിദും. ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപി എമ്മും വർഗ-ബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണ്. ഈ വിപത്തിനെതിരെ സമൂഹം അതിശക്തമായ പ്രതിരോധം തീർക്കുകയാണ്. ഇതിൽ വിറളിപൂണ്ട ലഹരി മാഫിയ സംഘമാണ് ഈ അരുംകൊല നടത്തിയതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇത്തരം കിരാത പ്രവർത്തനങ്ങളെ അതിശക്തമായി നേരിടണം. പൊലീസിന്റെയും എക്സൈസിന്റെയും അതീവ ജാഗ്രതയോടെയുള്ള ഇടപെടൽ ഇക്കാര്യത്തിൽ ഉറപ്പാക്കണം. ഈ ഭീകര ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുവാൻ നമുക്ക് സാധിക്കും. ആ പോരാട്ടത്തിൽ സമൂഹമാകെ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.