രാത്രി ആർഎസ്എസായവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ
കോൺഗ്രസിലെ മുതിർന്ന നേതാവായ എകെ ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് സിപിഎം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു. രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു.
അതായത്, പകലും രാത്രിയും ബിജെപിയായി തന്നെ പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് അധമ സംസ്കാരമാണെന്നാണ് അനിൽ ആന്റണി പറഞ്ഞത്. നേതാവായ രാഹുൽ ഗാന്ധിക്കെതിരെയും അനിൽ ആന്റണി വിമർശനം ഉന്നയിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഒന്നും പറഞ്ഞില്ല.
മാത്രമല്ല, ആർഎസ്എസിനെതിരെയും ഇവർ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇവരെല്ലാം ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസുകാർ തന്നെ സംശയിക്കുന്നു. വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്റു ആർഎസ്എസുമായി സന്ധി ചെയ്തെന്ന് പറഞ്ഞ ആളാണ് കെ സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.