മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും ആര്‍ക്കും ആഗ്രഹിക്കാം പക്ഷെ അതെല്ലാം പറഞ്ഞോണ്ട് നടക്കരുത്;ശശി തരൂരിനെതിരെ പരോക്ഷവിമര്‍ശനവുമായി നേതാക്കള്‍

single-img
13 January 2023

തിരുവനന്തപുരം: ശശി തരൂരിനെതിരെ പരോക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും ആര്‍ക്കും ആഗ്രഹിക്കാം.

എന്നാല്‍ അതെല്ലാം പുറത്തു പറഞ്ഞുകൊണ്ടു നടക്കരുതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു. നേതാക്കളെ സൃഷ്ടിക്കുന്നത് ജനങ്ങളാണ്.

മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ ജനഹൃദയങ്ങളില്‍ കാണില്ലെന്നും ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പില്ല. ഇപ്പോള്‍ കാണുന്നത് അവനവനിസം ആണെന്നും എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു.

തരൂരിനെതിരെ രമേശ് ചെന്നിത്തലയും രൂക്ഷവിമര്‍ശനമുയര്‍ത്തി. നാലുവര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്നതാകുമെന്ന് ആരും പറയേണ്ടതില്ല. കാരണം നാലു വര്‍ഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുക എന്ന് ഇപ്പോള്‍ പറയേണ്ട ഒരു കാര്യവുമില്ല.

അതുകൊണ്ട് ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും, തല്‍ക്കാലം ആ കോട്ടുകളൊക്കെ ഊരിവച്ച്‌, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്ത് പറയാനുണ്ടെങ്കിലും പാര്‍ട്ടിയിലാണ് പറയേണ്ടതെന്നും കോണ്‍ഗ്രസുകാര്‍ പരസ്പരം പറയുന്നത് ചര്‍ച്ചയാക്കാന്‍ ഇടവരുത്തരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എന്തു കാര്യവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാം. ഏറ്റവും കൂടുതല്‍ ജനാധിപത്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്തൊക്കെ പുറത്ത് പറയണം പറയണ്ട എന്ന് നേതാക്കള്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരത് ജോഡോ യാത്ര കേരളത്തില്‍ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി. പഞ്ചായത്ത് മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിനെ കമ്മ്യൂണിസ്റ്റുകാര്‍ പോലും എതിര്‍ക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ മനസ്സിലുള്ള സ്വപ്‌നത്തിന്റെ ഗോപുരം തച്ചുടയ്ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ടെന്നും വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പറയേണ്ട കാര്യം പാര്‍ട്ടിയിലാണ് കെ മുരളീധരനും അഭിപ്രായപ്പെട്ടു. യോഗത്തിലെ എല്ലാ കാര്യങ്ങളും പിറ്റേന്ന് പത്രത്തില്‍ വരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജയത്തെപ്പറ്റിയാണ് ഇപ്പോള്‍ ആലോചിക്കേണ്ടത്. ജയിച്ചില്ലെങ്കില്‍ പിന്നെ തെരഞ്ഞടുപ്പിനെ കുറിച്ച്‌ ചിന്തിക്കേണ്ടി വരില്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് മികച്ച ഭൂരിപക്ഷവുമുണ്ട്. അപ്പോള്‍ 26 നെക്കുറിച്ച്‌ സംസാരിക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഏത് ഉത്തരവാദിത്തം പാര്‍ട്ടി തന്നാലും അത് നിറവേറ്റാന്‍ ശ്രമിക്കും എന്നാണ് പറഞ്ഞത്. ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.