ക്യാമറയ്ക്ക് മുന്നിൽ എന്തും കാണിച്ചാൽ അത് ഡബ്ബിംഗിന്റെ സമയത്താണ് ബുദ്ധിമുട്ടാവുന്നത്: മീനാക്ഷി

single-img
24 February 2024

ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ‘പ്രേമലു’ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ്. ഈ സിനിമയിൽ യുവതാരങ്ങളായ നസ്ലെൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇപ്പോൾ ഇതാ സിനിമയുടെ ഭാഗമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടിയും അവതാരികയുമായ മീനാക്ഷി രവീന്ദ്രൻ. അഭിനയിക്കുന്ന സമയം ക്യാമറയ്ക്ക് മുന്നിൽ എന്തും കാണിച്ചാൽ അത് പിന്നീട് ഡബ്ബിംഗിന്റെ സമയത്താണ് ബുദ്ധിമുട്ടാവുന്നതെന്നും മീനാക്ഷി പറയുന്നു.

മീനാക്ഷിയുടെ വാക്കുകൾ : “ഞാൻ ക്ലൈമാക്‌സിലെ ആ പാട്ട് മുഴുവൻ പാടിയിട്ടുണ്ട്. ഷൂട്ടിൻ്റെ സമയത്ത് അത് മുഴുവൻ പാടിയിട്ടുണ്ടായിരുന്നു. ഇവരുടെ വഴക്ക് നടക്കുന്ന സമയത്ത് എന്റെ പാട്ടും അവിടെ ബാക് ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്. ഞാൻ പെട്ടു പോയത് ഡബ്ബ് ചെയ്ത‌പ്പോഴാണ്. ഷൂട്ട് ചെയ്യുമ്പോൾ ഗിരീഷേട്ടൻ എൻ്റെ അടുത്ത് ഈ പാട്ട് പാടാൻ പറഞ്ഞു.

ആ പാട്ട് പാടുമ്പോൾ ആ ക്യാരക്‌ടർ ആയതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. അതുകൊണ്ടാണ് ഒപേര മ്യൂസിക്കിന്റെ സൗണ്ട് ഒക്കെ എടുത്തിട്ടത്. ക്യാരക്‌ടറിൽ നിന്നിട്ട് പെർഫോം ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ന് ഞാൻ മനസ്സിലാക്കി ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് തോന്നിവാസം ചെയ്യരുത്. ഡബ്ബ് ചെയ്യാൻ നേരത്ത് ബുദ്ധിമുട്ടും. ഞാൻ ഡബ്ബ് ചെയ്യാൻ പാടുപെട്ടു. ഒരു സീൻ കട്ട് ആയിട്ടാണ് അടുത്ത സീൻ വരുന്നത്. അപ്പോൾ ഇടയ്ക്കു നിന്നാണ് പാട്ട് തുടങ്ങുന്നത്. ചിലപ്പോൾ ഹൈ ഫ്രീക്വൻസിൽ ആയിരിക്കും ഞാൻ തുടങ്ങുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഫുൾ പാടാം നിങ്ങൾ എവിടുന്നാ വെച്ചാൽ കട്ട് ചെയ്‌ത് ഇട്ടോളൂ എന്ന്.

അതിനുള്ള കാരണം മെനക്കേട് ആയിപ്പോയി. ഇതിന്റെ മുന്നേ വേറൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതാണ് ആ സീനിൽ ആദ്യം കാണിക്കുന്നത്. പാട്ടും ഇടയ്ക്കൊക്കെയാണ് സിനിമയിൽ തുടങ്ങുന്നത്. കട്ട് ചെയ്‌ത്‌ കാണിക്കുന്നത് കൊണ്ട് ഞാൻ ഞാൻ മൊത്തം പാടാം എന്ന് പറഞ്ഞു. ഡബ്ബിങ് തന്നെ ഒരു ഗാനമേള ആയിരുന്നു.” – റെഡ് എഫ്മ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി.