ഇന്ത്യയില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള പ്ലാനിങിൽ ആപ്പിൾ

single-img
10 January 2023

മുംബൈ: ഇന്ത്യയില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള പ്ലാനിങിലാണ് ആപ്പിള്‍. കമ്ബനിയുടെ ആദ്യത്തെ മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളാണ് രാജ്യത്ത് ആപ്പിള്‍ ഓപ്പണ്‍ ചെയ്യുന്നത്.

റീട്ടെയില്‍ സ്റ്റോറിലേക്കുള്ള ജീവനക്കാരെ കമ്ബനി നിയമിക്കാന്‍ തുടങ്ങിയതായാണ് സൂചന. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്ബനിയുടെ കരിയര്‍ പേജില്‍ ഇതിനോടകം നിരവധി ഓപ്പണിങുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികള്‍ക്കായാണ് ഓപ്പണിങ്ങുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരിയര്‍ പേജില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത ജോലികള്‍ക്കായി നിരവധി ഓപ്പണിങ്ങുകള്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ബിസിനസ്സ് വിദഗ്‌ദ്ധന്‍, ‘ജീനിയസ്’, ഓപ്പറേഷന്‍ എക്‌സ്‌പെര്‍ട്ട്, ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ നീളുന്നു ഓപ്പണിങുകളുടെ ലിസ്റ്റുകള്‍.

ഓഫിഷ്യലി ഓപ്പണ്‍ ചെയ്യാത്ത ആപ്പിള്‍ സ്റ്റോറുകളിലേക്ക് നിയമനം ലഭിച്ചതായ അഞ്ചിലധികം പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.പ്രഫഷണല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെയാണ് ഇക്കൂട്ടര്‍ അവകാശവാദം നടത്തിയിരിക്കുന്നത്. ആമസോണ്‍, ട്വിറ്റര്‍,മെറ്റ ഉള്‍പ്പെടെയുള്ള കമ്ബനികള്‍ സാമ്ബത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച്‌ പിരിച്ചുവിടല്‍ നടത്തുന്ന സമയത്താണ് നിയമനമെന്നത് ശ്രദ്ധേയമാണ്.

ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനം നൂറോളം ആപ്പിള്‍ എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ ഓപ്പണ്‍ ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 600 ചതുരശ്ര അടി വസ്തീര്‍ണമുള്ള ആപ്പിള്‍ സ്റ്റോറുകളായിരിക്കും ടാറ്റ തുറക്കുകയെന്നും സൂചനയുണ്ട്. 1,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ സ്റ്റോറുകളേക്കാള്‍ വലിപ്പക്കുറവ് ഉണ്ടാകും ഇന്‍ഫിനിറ്റി റീട്ടെയിലിന്റെ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്കെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാളുകളിലും മറ്റ് ഹൈ-സ്ട്രീറ്റുകളിലും സമീപ പ്രദേശങ്ങളിലുമാകും ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ കാണുക. ചെറിയ ആപ്പിള്‍ സ്റ്റോറുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, വാച്ചുകള്‍ എന്നിവ മാത്രമേ ലഭിക്കൂ.വലിയ സ്റ്റോറുകളില്‍ ഐഫോണുകളില്‍ തുടങ്ങി മാക്ബുക്ക് കമ്ബ്യൂട്ടറുകള്‍ വരെയുള്ള എല്ലാ ആപ്പിള്‍ ഉത്പന്നങ്ങളും ലഭ്യമാകും.