വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും: മന്ത്രി എകെ ശശീന്ദ്രൻ
സംസ്ഥാനത്തെ വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന്വ നം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ ഹർജി നൽകും. കേരളാ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ എഫ് ആർ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാളെ വയനാട്ടിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കും. ദ്രുത കർമ സേനയുടെ അംഗ ബലം കൂട്ടും.
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. അവസാന രണ്ട് മൂന്ന് വർഷമായാണ് ഈ നിലയിൽ വന്യജീവി ആക്രമണം വർധിച്ചത്. പല പഠനങ്ങളും ഈ വിഷയത്തിൽ നടത്തി. ഇവയൊന്നും യുക്തിസഹമല്ല. വനത്തിനകത്ത് ആവാസ വ്യവസ്ഥയിൽ മാറ്റമുണ്ടായിട്ടുണ്ട്.
വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. വംശ വർധനവും ഉണ്ടായി. കടുവകൾക്കൊക്കെ കാട്ടിൽ നിശ്ചിത സ്ഥലം ആവശ്യമാണ്. അത് ഇപ്പോൾ ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.