വിതുര സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
26 October 2011

തിരുവനന്തപുരം: വിതുരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ച ദളിത് യുവാവ് ജീവനൊടുക്കിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭിയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും കോലിയങ്കോട് കൃഷ്ണന്‍നായരാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ച സീനുവിന്റെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം നല്‍കണമെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കൃഷ്ണന്‍നായര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി സീനു ജീവനൊടുക്കിയത് പോലീസ് സ്റ്റേഷനിലെ ദുരനുഭവം മൂലമാണെന്ന് സഭയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിതുര എസ്‌ഐ രാജേഷിനെയും എഎസ്‌ഐ ജയകുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സീനു ജീവനൊടുക്കിയത് പോലീസ് മര്‍ദനം മൂലമാണെന്ന മൊഴിയും ലഭിച്ചിട്ടുണ്ട്. സംഭവം ഗൗരവമായി അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

എന്നാല്‍ തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് ആരോപിച്ചു. ഇത് സര്‍ക്കാരിന്റെ പൊതുനയമാണെന്നാണ് കരുതേണ്ടത്. കേസില്‍ ഉള്‍പ്പെട്ട പോലീസുകാരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിനുവിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.