കിളിരൂര്‍ കേസിലെ ശിക്ഷ പ്രഖ്യാപിച്ചു; പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

single-img
8 February 2012

കിളിരൂര്‍ കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ് വീതം ശിക്ഷ വിധിച്ചു. 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ടി.എസ്.പി. മൂസത് ആണ് ശിക്ഷ വിധിച്ചത്.

ചേര്‍ത്തല സ്വദേശി പി. പ്രവീണ്‍, തിരുവൈരാണിക്കുളം സ്വദേശി എം. മനോജ്, തൃപ്പൂണിത്തുറ സ്വദേശി എ. പ്രശാന്ത്, നാട്ടകം സ്വദേശി കൊച്ചുമോന്‍, ഇടനിലക്കാരി ലതാനായര്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടമാനഭംഗം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ കൂട്ടബലാത്സംഗക്കുറ്റത്തില്‍ നിന്നും ലതാനായരെ ഒഴിവാക്കിയിട്ടുണ്‌ടെങ്കിലും ഇവരുടെ മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ പത്ത് വര്‍ഷത്തെ ശിക്ഷ തന്നെ ലഭിക്കുകയായിരുന്നു. പ്രതികള്‍ക്ക് സംഭവത്തില്‍ കൂട്ടുത്തരവാദിത്വം ഉണ്‌ടെന്നും കോടതി നിരീക്ഷിച്ചു.വിചാരണ നേരിട്ട ആറ് പ്രതികളില്‍ അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്‌ടെത്തിയിരുന്നു. കേസിലെ ഏഴാം പ്രതി സോമനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇയാളെ വെറുതെ വിടുകയായിരുന്നു.