നരേന്ദ്രമോഡി സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

single-img
8 February 2012

2002 ലെ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മോഡി സര്‍ക്കാരിന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുജറാത്തിലെ ഇസ്‌ലാമി റിലീഫ് കമ്മറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ശരിവച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം.

ആരാധനാലയങ്ങള്‍ക്ക് കേടുപറ്റിയത് സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്നും ഭാഗീകമായോ പൂര്‍ണമായോ നാശനഷ്ടം സംഭവിച്ച ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി കലാപം അവസാനിപ്പിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും ചോദിച്ചു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതില്‍ വെളിപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.

ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നിരീക്ഷിക്കാന്‍ 26 അംഗ ജുഡീഷ്യല്‍ സമിതിയും കോടതി രൂപീകരിച്ചു. കലാപത്തിനിടെ 294 മതകേന്ദ്രങ്ങള്‍ പൂര്‍ണമായോ ഭാഗീകമായോ നശിപ്പിക്കപ്പെട്ടതായി ഇസ്‌ലാമി റിലീഫ് കമ്മറ്റി അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.