ഹസാരെയ്ക്കും സംഘത്തിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം തള്ളി

single-img
9 February 2012

അഴിമതി വിരുദ്ധ സമരത്തില്‍ ദേശീയപതാക ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ അന്നാ ഹസാരെയ്ക്കും സംഘത്തിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. അഡ്വക്കേറ്റ് രവീന്ദര്‍ കുമാറാണ് സ്വകാര്യ അന്യായവുമായി കോടതിയെ സമീപിച്ചത്.

ദേശീയപതാക ദുരുപയോഗം ചെയ്തതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ എന്തിന്റെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് പരാതിയിലോ വാദത്തിലോ ബോധിപ്പിക്കാനായില്ലെന്ന് ഹര്‍ജി പരിഗണിച്ച മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പറഞ്ഞു. ഹസാരെയെക്കൂടാതെ കിരണ്‍ ബേദി, അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം നിരസിച്ചെങ്കിലും പരാതിയിലെ ആരോപണങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി അവസരം നല്‍കി. സാക്ഷികളെയും തെളിവുകളും പരിശോധിക്കാന്‍ ഏപ്രില്‍ രണ്ടിലേക്ക് കേസ് മാറ്റി.

ആഗസ്റ്റില്‍ നടന്ന പ്രതിഷേധത്തിനിടെ കിരണ്‍ ബേദി ഒരു കീറിയ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും മറ്റ് പ്രതിഷേധക്കാര്‍ ത്രിവര്‍ണപതാക ശരീരത്ത് വരച്ചുചേര്‍ത്തിരിക്കുന്നതുമായി മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളായിരുന്നു പരാതിക്കാരന്‍ ഹാജരാക്കിയത്.