സിപിഎമ്മുമായി വഴിപിരിയേണ്ടി വരുമെന്നു ചന്ദ്രപ്പന്‍

single-img
12 February 2012

സിപിഎമ്മിന്റെ ധാര്‍ഷ്ട്യം ഈ രീയില്‍ പോകുകയാണെങ്കില്‍ ബ്രേക്കപ്പിലേക്കു നീങ്ങേണ്ടിവരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. ഇടതുമുന്നണിയില്‍ വരാന്‍ തയാറുള്ളവരെ സ്വീകരിക്കണമെന്നതു കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമാണ്. പിണറായി പറയുന്നത്് സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനു വിരുദ്ധമായ കാര്യമാണെന്നും ചന്ദ്രപ്പന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ ഇത്തരത്തിലുള്ള സംഭാഷണങ്ങളാണു ബ്രേക്കിലേക്കു നീങ്ങിയത്. ബ്രേക്കപ്പ് ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. കേരളീയര്‍ ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കുന്നത് ആര്‍ക്കും അഭികാമ്യമല്ലെന്നും ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളാണു പ്രധാനമെന്ന കാര്യം വിസ്മരിക്കരുത്. എല്‍ഡിഎഫിലെ കക്ഷികള്‍ പരസ്പരം ബന്ധുക്കളാണെന്ന വിചാരം വേണം. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുന്നതു നല്ലതല്ലെന്ന ആശങ്ക സിപിഐയ്ക്കുണ്ട്. അന്ത്യഅത്താഴ ചിത്രം മോര്‍ഫ് ചെയ്തത് സിപിഎം പ്രവര്‍ത്തകരല്ലെന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മോര്‍ഫ് ചെയ്ത സിപിഎം പ്രവര്‍ത്തകരെ പുറത്താക്കിയതായി വാര്‍ത്തയും പുറത്തുവന്നു. ബംഗാള്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നു സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.