വിളപ്പില്‍ശാല പ്രശ്‌നം; പഞ്ചായത്തിനും സമരസമിതിക്കും നോട്ടീസ്

single-img
21 February 2012

തിരുവവന്തപുരം വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടഞ്ഞതിനു വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരിക്കും ജനകീയ സമരസമിതി പ്രസിഡന്റ് കെ. ബദറുദീനും പ്രത്യേക ദൂതന്‍ മുഖാന്തിരം നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവു നല്‍കി. തിരുവനന്തപുരം കോര്‍പറേഷന്‍ നല്കിയ കോടതിയലക്ഷ്യഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനു സമരസമിതിയും പഞ്ചായത്തും തടസം സൃഷ്ടിച്ചതായി ഇന്നലെ ഹര്‍ജി പരിഗണിക്കവേ കോര്‍പറേഷന്‍ അഭിഭാഷകന്‍ എന്‍. നന്ദകുമാരമേനോന്‍ പറഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ പോലീസ് തയാറായില്ല. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത് ഉടന്‍ വിട്ടയയ്ക്കുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും ഒരു ലോറി പോലും വിളപ്പില്‍ശാലയിലേക്കു കടത്തിവിട്ടില്ലെന്നും കോര്‍പറേഷന്റെ അഭിഭാഷകന്‍ അറിയിച്ചു.

വിളപ്പില്‍ശാലയില്‍ മാലിന്യസംസ്‌കരണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോര്‍പറേഷന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിനു കോടതി നിര്‍ദേശം നല്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതു തടസപ്പെടുത്തിയതിനാണു നോട്ടീസ്.