അക്രമം അഴിച്ചുവിടാന്‍ ലീഗ് നേതൃത്വം ശ്രമിക്കുന്നു: പി. ജയരാജന്‍

single-img
26 February 2012

മുസ്‌ലിംലീഗ് നേതൃത്വം അണികളോട് അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുകയാണെന്നു സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന്‍. പോലീസില്‍ നിന്നു നീതി ലഭിക്കുന്നില്ലെന്നു പറഞ്ഞു പത്രസമ്മേളനം നടത്തിയതിലൂടെ ജില്ലാപ്രസിഡന്റ് വി.കെ. അബ്ദുള്‍ഖാദര്‍ മൗലവിയും കെ.എം. ഷാജി എംഎല്‍എയും അക്രമത്തിനുള്ള ആഹ്വാനമാണു നല്‍കിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. സമാധാന യോഗത്തിനു ശേഷവും ജില്ലയില്‍ പലയിടത്തുമായി ലീഗ് അണികള്‍ അക്രമം നടത്തുന്നത് ഇതിനു തെളിവാണ്. പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെങ്കില്‍ മുസ്്‌ലിംലീഗ് അക്കാര്യം വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയോടാണു പറയേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തിലെ അംഗമായിരുന്നു മരിച്ച ഷുക്കൂറെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. അതു ഷുക്കൂറല്ലെങ്കില്‍ ആരാണെന്നു പറയേണ്ട ഉത്തരവാദിത്വം ലീഗ് നേതൃത്വത്തിനുണ്ട്. യുവാവിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതേസമയം മരിച്ചയാള്‍ ഒരു കേസില്‍ പോലും ഇതുവരെ ഉള്‍പ്പെട്ടിട്ടില്ലെന്ന ലീഗിന്റെ അവകാശവാദം തെറ്റാണ്.

പോലീസിലും കോടതിയിലും ഇയാള്‍ക്കെതിരേ കേസുണ്ട്. ഷുക്കൂറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു പുറത്തു കൊണ്ടുവരണം. തീവ്രവാദത്തിനെതിരേ ശബ്ദമുയര്‍ത്തുന്നുവെന്ന വ്യാജേന കെ.എം. ഷാജി ഇത്തരക്കാരുമായി സൗഹൃദം പുലര്‍ത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു.