ട്രെയിനില്‍ സ്ത്രീയെ അപമാനിച്ചു; ടിടിഇ അറസ്റ്റില്‍

single-img
27 February 2012

ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീയെ അപമാനിച്ച ടിടിഇ പോലീസ് കസ്റ്റഡിയില്‍. ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാരും റെയില്‍വേയും ആവര്‍ത്തിച്ചു ഉറപ്പുനല്‍കുന്നതിനിടെയാണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ തന്നെ യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയത്. രാജധാനി എക്‌സ്പ്രസിലാണ് സംഭവം.

തിരുവനന്തപുരം സ്വദേശിയും പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരിയുമായ ഹേമലതയെയാണ് ട്രെയിനില്‍വച്ച് ടിടിഇ അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി സ്വദേശിയായ ടിടിഇ രമേഷ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. മഡ്ഗാവില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഉഡുപ്പിയ്ക്കും മംഗലാപുരത്തിനുമിടയില്‍ വച്ചാണ് ഹേമലതയോടു രമേഷ് കുമാര്‍ അപമര്യാദയായി പെരുമാറിയത്. എ വണ്‍ കോച്ചില്‍വച്ച് ടിടിഇ തനിക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ഹേമലത പറഞ്ഞു. പുലര്‍ച്ചെ 5.45ഓടെ രാജധാനി എക്‌സ്പ്രസ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഹേമലതയുടെ പരാതിയില്‍ രമേഷിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്.

ടിടിഇക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായി ഹേമലത പറഞ്ഞു. എഴുത്തുകാരി എം.ആര്‍.ജയഗീതയെ തീവണ്ടിയില്‍വച്ച് ടിടിഇമാര്‍ മാനസികപീഡനത്തിന് ഇരയാക്കിയ സംഭവം നടന്നിട്ട് രണ്ടാഴ്ച തികയുന്നതിനിടെയാണ് ഒരാള്‍ കൂടി റെയില്‍വേ ജീവനക്കാരന്റെ പീഡനത്തിനു ഇരയാകുന്നത്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനസമിതി അംഗവും പ്ലാനിംഗ് ബോര്‍ഡ് റിസര്‍ച്ച് ഓഫീസറുമായ ജയഗീത നല്‍കിയ പരാതിയില്‍ റെയില്‍വേ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും ടിടിഇമാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.