ഭൂരിപക്ഷം ലഭിച്ചാല്‍ മുലായം തന്നെ മുഖ്യമന്ത്രിയെന്ന് അഖിലേഷ് യാദവ്

single-img
5 March 2012

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുലായം സിംഗ് യാദവ് തന്നെയാകും മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ മകനും സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ അഖിലേഷ് യാദവ് പറഞ്ഞു. എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. അവര്‍ മുലായത്തിന്റെ പേരു തന്നെ നിര്‍ദേശിക്കുമെന്നാണ് കരുതുന്നതെന്ന് അഖിലേഷ് പറഞ്ഞു.

നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. വിജയം ഉറപ്പിക്കാന്‍ വേണ്ടി ഏറെ കഠിനപ്രയത്‌നം നടത്തിയതായി അഖിലേഷ് യാദവ് പറഞ്ഞു. മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫലപ്രഖ്യാപനത്തിന് ശേഷം ഇക്കാര്യം വ്യക്തമാകുമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. ബിഎസ്പിക്ക് പിന്തുണ നല്‍കുന്നതിനോട് അനുകൂല നിലപാട് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അദ്ദേഹത്തിന്റെ വീക്ഷണമാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അക്കാര്യം തീരുമാനിക്കാമെന്നുമായിരുന്നു മറുപടി.