ബിയാന്ത് സിംഗ് വധം: രജോനയെ 31നു തൂക്കിലേറ്റും

single-img
27 March 2012

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസിലെ പ്രതി ബബര്‍ ഖല്‍സ ഭീകരന്‍ ബല്‍വന്ത് സിംഗ് രജോനയെ 31നു തൂക്കിലേറ്റും. വധശിക്ഷ നീട്ടിവയ്ക്കണമെന്ന അപേക്ഷ ചണ്ഡീഗഡ് സെഷന്‍സ് കോടതി തള്ളിയിരുന്നു. രജോനയെ തൂക്കിക്കൊല്ലണമെന്ന ഉത്തരവ് ആവര്‍ത്തിച്ച കോടതി, ഇതിനുള്ള കോടതിയുത്തരവ് മടക്കി അയച്ച ജയില്‍ മേധാവിക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കാനും ഉത്തരവിട്ടു. പാട്യാല ജയില്‍ സൂപ്രണ്ട് എല്‍.എസ്. ലഖര്‍ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്കുകയും ചെയ്തിരുന്നു. ഇതിനു സൂപ്രണ്ടിനു നിയമപരമായ അവകാശമില്ലെന്നു കോടതിയെ സിബിഐ അറിയിച്ചു.

ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്ജിപിസി) കഴിഞ്ഞദിവസം രാഷ്ട്രപതിക്കു ദയാഹര്‍ജി നല്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നു പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പറഞ്ഞു. രജോനയെ തൂക്കിലേറ്റുന്നതില്‍ പ്രതിഷേധിച്ച് തീവ്ര സിക്ക് സംഘടനകളായ ദാല്‍ ഖല്‍സയും ഖല്‍സ ആക്ഷന്‍ കമ്മിറ്റിയും ഇന്നു പഞ്ചാബില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.