ചന്ദ്രശേഖരനെയും കൂട്ടരെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന

single-img
15 May 2012

ടി.പി. ചന്ദ്രശേഖരനെയും കൂട്ടരെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. ടി. പി. ചന്ദ്രശേഖരനും കൂട്ടരും ഏറാമലയില്‍ നടത്തിയത് നഗ്നമായ സ്ഥാനമോഹമാണെന്നും ഇക്കൂട്ടര്‍ വിപ്ലവ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നത് തീര്‍ത്തും അപഹാസ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരുന്നു പ്രസ്താവന പുറത്തിറക്കിയത്. ചന്ദ്രശേഖരന്‍ വധത്തില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വി.എസ് ഉയര്‍ത്തിയ വിഷയങ്ങളെക്കുറിച്ച് പ്രസ്താവനയില്‍ ഒരു വാക്കുപോലും സൂചിപ്പിച്ചിട്ടില്ല. ചന്ദ്രശേഖരനും കൂട്ടരും പാര്‍ലമെന്റ് ആര്‍ത്തിയും കമ്മ്യൂണിസ്റ്റ് മൂല്യരാഹിത്യവുമാണ് കാട്ടിയത്. അവിടുത്തെ പഞ്ചായത്ത് ഭരണം പങ്കിടുന്നതിന് സിപിഎമ്മും ഇടതുമുന്നണിയിലെ ഘടകകക്ഷികളും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇത് അംഗീകരിക്കാതെയാണ് ചന്ദ്രശേഖരനും എന്‍. വേണുവും പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ചന്ദ്രശേഖരന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായതായും യുഡിഎഫിനെ സഹായിക്കാനായിരുന്നു ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.