കോളിളക്കമുണ്ടാക്കിയ ലെറ്റര്‍ ബോംബ് കേസിലെ സാക്ഷി വിസ്താരം ജൂലൈ രണ്ടുമുതല്‍

single-img
5 June 2012

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ലെറ്റര്‍ ബോംബ് കേസിലെ സാക്ഷി വിസ്താരം ജൂലൈ രണ്ടിന് ആരംഭിക്കും. മണക്കാട് സ്വദേശിയും കഴക്കൂട്ടം മേനംകുളത്ത് താമസക്കാരനുമായ രാജീവ് എന്ന ശര്‍മയാണ് കേസിലെ പ്രതി. 2006 സെപ്തംബറില്‍ ശര്‍മ മണക്കാട് പോസ്റ്റാഫീസിന്റെ പരിധിയിലുള്ള മൂന്നിടങ്ങളിലും കാര്യവട്ടം കാമ്പസ് പോസ്റ്റ് ഓഫീസിലും തനിക്ക് മുന്‍വൈരാഗ്യമുള്ള കേശവദാസപുരത്ത് കച്ചവടം നടത്തിവന്ന ഉള്ളൂര്‍സ്വദേശി സുരേഷിനും ലെറ്റര്‍ ബോംബ് അയക്കുകയും ഇതില്‍ മണക്കാട് പോസ്റ്റ് ഓഫീസില്‍ ലഭിച്ച മൂന്നു ലെറ്റര്‍ ബോംബുകളില്‍ ഒരെണ്ണം 2006 സെപ്റ്റംബര്‍ 21 ന് പോസ്റ്റ് ഓഫീസിനുള്ളില്‍ വച്ചുതന്നെ പൊട്ടിത്തെറിക്കുകയും ചെയ്തു. ബാക്കി രണ്ട് ലെറ്റര്‍ ബോംബുകള്‍ പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കുകയായിരുന്നു.

ഇലക്ട്രോണിക്‌സ് വിഷയത്തില്‍ തല്പരനായ പ്രതിയെ സിഡാക്കിന്റെ സാങ്കേതിക സഹായത്തോടെ ഫോര്‍ട്ട് പോലീസ് മുന്‍ എസി സി.ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കേസില്‍ 79 സാക്ഷികളും 100 തൊണ്ടിമുതലുകളും കൂടാതെ 52 രേഖകളും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയിട്ടുണ്ട്.
2006 സെപ്റ്റംബര്‍ 21 നാണ് കേസിനാസ്പദമായ സ്‌ഫോടനം നടന്നത്.