വയനാട് പ്രശ്‌നം; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
26 June 2012

വയനാട്ടിലെ ഭൂസമരം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ 52 ദിവസങ്ങളായി വയനാട്ടില്‍ ഭൂമിക്കു വേണ്ടി നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന് എ.കെ. ബാലന്‍ ആരോപിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ ജയിലിലാണ്. സമരം ചെയ്യുന്ന ആദിവാസികളെ റിമാന്‍ഡ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുപോലും ലംഘിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ താല്‍പര്യം കാട്ടിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതിനു വിരുദ്ധമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വനാവകാശ രേഖ മാത്രമാണ് നല്‍കിയതെന്നും ഇപ്പോഴത്തെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും നോട്ടീസിന് മറുപടി പറഞ്ഞ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.