കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി: രാജിവെയ്ക്കാന്‍ ഗൗഡാപക്ഷം ഉപാധികള്‍വച്ചു

single-img
10 July 2012

കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാറെ തെരഞ്ഞെടുക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കാനിരിക്കെ പുറത്തുപോകുന്ന മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ അനുകൂലിക്കുന്നവര്‍ പുതിയ ഉപാധികളുമായി രംഗത്തെത്തി. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ കെ.എസ്.ഈശ്വരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് സദാനന്ദ ഗൗഡയെ അനുകൂലിക്കുന്ന എംഎല്‍എമാരുടെ പ്രധാന ആവശ്യം. സദാനന്ദ ഗൗഡയെ അനുകൂലിക്കുന്നവര്‍ക്ക് ജഗദീഷ് ഷെട്ടാറിന്റെ മന്ത്രിസഭയില്‍ തുല്യ പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ വകുപ്പുകളും പ്രഖ്യാപിക്കണമെന്നും ഗൗഡാ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും തന്നെ ഉപമുഖ്യമന്ത്രി സ്ഥാനം ഇല്ലാത്തതിനാല്‍ ഗൗഡ പക്ഷത്തിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. പുറത്തു പോകുന്ന സദാനന്ദ ഗൗഡയ്ക്ക് രാജ്യസഭാ സ്ഥാനമോ കര്‍ണാടകയിലെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമോ ലഭിക്കുമെന്നാണ് കരുതുന്നത്. ഗൗഡാ പക്ഷം ഉപാധികള്‍ വെച്ചതിനെത്തുടര്‍ന്ന് രാവിലെ ചേരാനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവച്ചു.