പഴശി ഡാം തകര്‍ച്ചയുടെ വക്കില്‍

single-img
7 August 2012

വടക്കന്‍ കേരളത്തിലെ പേമാരിയെ തുടര്‍ന്നുണ്ടായ പ്രളയവും പഴശി ഡാമിന്റെ തകര്‍ച്ചാഭീഷണിയും കണ്ണൂരിനെ മുള്‍മുനയിലാക്കി. പഴശി ഡാമിന്റെ 16 ഷട്ടറുകളില്‍ ഏഴെണ്ണം തുറക്കാനാവാതെ വന്നതിനെത്തുടര്‍ന്നു ഡാം കവിഞ്ഞൊഴുകി. ഡാം പരിസരത്ത് ഒരു കോടി രൂപ ചെലവില്‍ ഒരുവര്‍ഷം മുമ്പു നിര്‍മിച്ച പാര്‍ക്ക് വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയി. ഡാം തകര്‍ന്നേക്കുമെന്നുവരെ ഭീതി ഉയര്‍ന്നിരുന്നു. വൈകുന്നേരം ജലനിരപ്പു കുറഞ്ഞതോടെയാണ് ആശങ്ക ഒട്ടൊക്കെ ഒഴിഞ്ഞത്. എന്നാല്‍, ഡാമിന്റെ സൈഡില്‍നിന്നു മണ്ണൊലിച്ചുപോയിരിക്കുന്നതിനാല്‍ ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായി മാറിയിട്ടില്ല. നേവി, ദുരന്തനിവാരണസേന, തീരദേശസേന എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. അയ്യന്‍കുന്ന് പഞ്ചായത്തില്‍ രണ്ടിടത്തും ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കിയിലും തിങ്കളാഴ്ച ഉരുള്‍പൊട്ടിയതിനു പിന്നാലെ ആറളം ഫാമിലും വാണിയപ്പാറ തട്ടിലും ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായി. ഇതാണു ഡാമില്‍ അപ്രതീക്ഷിതമായി വെള്ളം നിറയാനിടയാക്കിയത്. പഴശി ഡാമില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരിട്ടി ടൗണും ഡാമിന്റെ കാച്ച്‌മെന്റ് ഏരിയയുടെ പരിസരങ്ങളിലുള്ള നിരവധി വീടുകളും വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ഇരിട്ടി ടൗണിലെ ഇരുന്നൂറോളം കടകളില്‍ വെള്ളം കയറി. കോടികളുടെ നഷ്ടമാണു കച്ചവടക്കാര്‍ക്കുണ്ടായത്. വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലും ഇരിട്ടി-കൂട്ടുപുഴ-കര്‍ണാടക റൂട്ടിലും വാഹനഗതാഗതം സ്തംഭിച്ചു.