ധീവരസമുദായത്തോടു ഖേദം പ്രകടിപ്പിച്ചു കൊണ്ട് പി.സി. ജോര്‍ജിന്റെ കത്ത്

single-img
7 August 2012

നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ടു താന്‍ പറഞ്ഞതു തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചു ചീഫ് വിപ്പ് പി.സി. ജോര്‍ജ് അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരനു കത്തെഴുതി. ധീവരസമുദായത്തെ താന്‍ അവഹേളിച്ചിട്ടില്ലെന്നു കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

തികഞ്ഞ തെറ്റിദ്ധാരണയാണു ദിനകരന്‍ ഇപ്പോള്‍ തനിക്കെതിരേ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്കു പിന്നിലുള്ളതെന്നു പി.സി. ജോര്‍ജ് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് നീണ്ടകരയിലെ അരയസമാജത്തിന്റെ പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന ഒരുസംഘം കൊല്ലം ഗസ്റ്റ് ഹൗസില്‍ വച്ച് എന്നെ വന്നുകണ്ടിരുന്നു. അതിനു മുമ്പ് നിയമസഭാ മന്ദിരത്തിലെ എന്റെ ഓഫീസില്‍വച്ച് മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവര്‍ വന്നുകണ്ട് സംസാരിച്ചിരുന്നതിന്റ അടിസ്ഥാനത്തിലാണ് കൊല്ലത്തുവച്ച് അരയസമാജ നേതാക്കളുമായി ഞാന്‍ ചര്‍ച്ച നടത്തിയത്. ആ ചര്‍ച്ചയെത്തുടര്‍ന്ന് അവര്‍ക്കൊപ്പം കൊല്ലം ഗസ്റ്റ് ഹൗസില്‍ വച്ച് പത്രസമ്മേളനവും നടത്തി.

ട്രോളിംഗ് നിരോധനം നിലവിലുള്ള 45 ദിവസക്കാലയളവില്‍ നീണ്ടകര ഹാര്‍ബറില്‍ വള്ളം അടുപ്പിക്കുന്നതിനോ, ഹാര്‍ബറിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മത്സ്യത്തൊഴിലാളികളെ അനുവദിക്കാറില്ല. ഇതുമൂലം ഏതെങ്കിലും തീരത്തു വള്ളം അടുപ്പിക്കേണ്ടിവരുന്നതുകൊണ്ട് തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം വന്‍കിട മത്സ്യമുതലാളിമാരും ഇടത്തട്ടുകാരും നിശ്ചയിക്കുന്ന തുച്ഛമായവിലയ്ക്കു വില്‍ക്കേണ്ടിവരുന്നു. മതിയായ സൗകര്യങ്ങളോടുകൂടിയ മത്സ്യസംഭരണികള്‍ സ്വന്തമായിട്ടില്ലാത്ത ഈ പാവങ്ങള്‍ക്ക് ഇതുമൂലം വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നത്.

ഇതിനിടയിലാണ് യുഡിഎഫ് പ്രതിനിധിസംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. അവിടെവച്ച് മാധ്യമപ്രവര്‍ത്തകര്‍ നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എ ഒരു പത്രമാധ്യമത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് എന്നോടു ചോദിച്ചു. ആ ലേഖനം വായിച്ചപ്പോള്‍ ഏതോ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതുന്ന വാചകങ്ങള്‍ അതേപടി പകര്‍ത്തിയതുപോലെ തോന്നി എന്നാണു മറുപടി പറഞ്ഞത്. കൂടാതെ ഒരു കര്‍ഷക പുത്രനായ ഞാന്‍ നെല്ലിയാമ്പതിയിലെ കൃഷിക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുപോലെ ധീവര സമുദായത്തില്‍ ജനിച്ച ടി. എന്‍. പ്രതാപന്‍ നീണ്ടകരയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കൂടി ഇടപെടണമെന്ന അഭ്യര്‍ഥനയാണു ഞാന്‍ നടത്തിയത്.

അതല്ലാതെ ഞാന്‍ ധീവരസമുദായത്തെ അവഹേളിച്ചിട്ടില്ല. ടി.എന്‍.പ്രതാപന്‍ സമുദായ പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്നും പറഞ്ഞിട്ടുമില്ല.

മത്സ്യത്തൊഴിലാളികളില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉണെ്ടന്ന് അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കെങ്ങനെ ടി.എന്‍. പ്രതാപന്‍ സമുദായ പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്നു പറയുവാന്‍ കഴിയും?

അതുകൊണ്ട് ടി.എന്‍. പ്രതാപനും സഹപ്രവര്‍ത്തകരായ ചില രാഷ്ട്രീയക്കാരും ഉയര്‍ത്താനാഗ്രഹിക്കുന്ന പ്രശ്‌നം തികച്ചും വ്യത്യസ്തമാണെന്ന വസ്തുത അങ്ങു മനസിലാക്കണമെന്ന ഞാന്‍ അഭ്യര്‍ഥിക്കുന്നു. അതിലെ യഥാര്‍ഥ വസ്തുതകള്‍ വളരെ താമസിയാതെതന്നെ പുറത്തുവരുമെന്നും കരുതുന്നു: പി.സി. ജോര്‍ജ് കത്തില്‍ ചൂണ്ടിക്കാട്ടി.