ഷുക്കൂര്‍ വധം: കൊലക്ക് പിന്നില്‍ പ്രതികാരം

single-img
24 August 2012

യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ അബ്‌ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ എം.എല്‍.എ. എന്നിവരെ ആക്രമിച്ചതിനു പ്രതികാരമായിട്ടാണെന്നു കുറ്റപത്രം.കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കെ വി സുമേഷ് ആണ് ഒന്നാംപ്രതി. ഷുക്കൂറിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇതു ബാബുവെന്ന പ്രതി തിരിച്ചറിഞ്ഞെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. രണ്ടര മണിക്കൂര്‍ ഷുക്കൂറിനെയും സുഹൃത്ത്‌ സക്കറിയയെയും തടഞ്ഞുവച്ച ശേഷമായിരുന്നു കൊലപാതകം.സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുപ്പത്തൊന്നാം പ്രതിയും ടി വി രാജേഷ്‌ മുപ്പത്തി രണ്ടാം പ്രതിയുമാണ്‌.

ജയരാജന്റെ വാഹനം ആക്രമിച്ചവരുടെ ചിത്രങ്ങള്‍ മൊബൈലിലൂടെ എം.എം.എസായി അയച്ചെന്നും ഇതുകണ്ട് തിരിച്ചറിഞ്ഞ ശേഷമാണ് കൊല നടത്തിയതെന്നുമുള്ള ആരോപണത്തെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമൊന്നുമില്ല. നിരവധി മൊബൈല്‍ ഫോണ്‍ വിളികളും സന്ദേശങ്ങളും അന്വേഷണത്തിനിടെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും പ്രബലമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താഞ്ഞത്. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്റെ മകനടക്കം നാലു പ്രതികളെ കൂടി പിടികിട്ടാനുണ്ട്‌.