ബാച്ചിലര്‍ പാര്‍ട്ടി ഇന്റര്‍നെറ്റില്‍: ആയിരത്തിലധികം മലയാളികള്‍ പിടിയിലാകും

single-img
8 September 2012

അമല്‍ നീരദിന്റെ സിനിമയായ ബാച്ചിലര്‍ പാര്‍ട്ടി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനും പ്രചരിപ്പിച്ചതിനും ആയിരത്തിലധികം മലയാളികള്‍ പിടിയിലാകും. ആന്റി പൈറസി സെല്‍ വിഭാഗമാണ് ഇവര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുന്നത്. ആദ്യഘട്ടമായി സിനിമ അപ്‌ലോഡ് ചെയ്ത പൂനെയിലെ 19 കാരനായ ഒരു മലയാളി വിദ്യാര്‍ഥിയടക്കം 16 പേരെ പ്രതികളാക്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു.

സിനിമയുടെ വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റിലൂടെ കണ്ടതിനാണ് വിദേശരാജ്യങ്ങളിലടക്കം താമസിക്കുന്ന ആയിരത്തിലധികം പേരെ പ്രതികളാക്കുക. ഇവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. ഇതാദ്യമായാണ് സിനിമ ഇന്റര്‍നെറ്റില്‍ അനധികൃതമായി അപ്‌ലോഡ് ചെയ്തതിന് ഇത്രയധികം പേര്‍ക്കെതിരേ കേസെടുക്കുന്നത്. പൂനെയിലെ വിദ്യാര്‍ഥി അപ്‌ലോഡ് ചെയ്ത സിനിമ കണ്ടവരാണ് 16 അംഗ പ്രതിപ്പട്ടികയില്‍ കൂടുതലും ഉള്ളത്. പുതിയ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് സിനിമാപ്രവര്‍ത്തകര്‍ നിര്‍മിച്ച ജാദൂ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് അനധികൃതമായി സിനിമ അപ്‌ലോഡ് ചെയ്തവരെയും ഇതു കണ്ടവരേയും കുടുക്കിയത്. ബാച്ചിലര്‍ പാര്‍ട്ടിയുടെ സി.ഡിയും ഡിവിഡിയും പുറത്തിറക്കിയ മൂവി ചാനല്‍ എന്ന കമ്പനിയാണ് കേസ് നല്‍കിയത്.

സിനിമ അപ്‌ലോഡ് ചെയ്യുന്നവരുടെയും ഫയല്‍ ഷെയര്‍ ചെയ്യുന്നവരുടെയും ഐപി മേല്‍വിലാസങ്ങള്‍ ജാദുവിലൂടെ കണ്‌ടെത്താന്‍ കഴിയും. പിന്നീട് ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് വിശദവിവരങ്ങള്‍ ആന്റി പൈറസി വിഭാഗം ശേഖരിച്ചത്. പൂനെയിലെ 19 കാരനായ വിദ്യാര്‍ഥി ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് വീട്ടുകാരെ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. സിഡി റിലീസായതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപകര്‍പ്പ് കണ്ടത് 33,000 പേരാണ്.