വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

single-img
19 September 2012

കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിധിക്കെതിരേ കഹാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ബിഎസ്പി സ്ഥാനാര്‍ഥി പ്രഹ്‌ളാദന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ച ഹൈക്കോടതി ഈ കാലയളവില്‍ നിയമസഭയില്‍ പങ്കെടുക്കാമെങ്കിലും വോട്ടിംഗ് ഉള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കഹാറിനോട് നിര്‍ദേശിച്ചിരുന്നു. ഈ വിലക്കും സുപ്രീംകോടതി നീക്കി. എതിര്‍കക്ഷിയായ പ്രഹ്‌ളാദന് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താലായിരുന്നു പ്രഹ്‌ളാദന്റെ നാമനിര്‍ദേശപത്രിക വരണാധികാരിയായിരുന്ന സുഭാഷ് ബാബു നിരസിച്ചത്.