ക്വാറികളില്‍ മാലിന്യം തള്ളുന്നതിനെതിരേ ജനരോഷം ഇരമ്പുന്നു

single-img
10 October 2012

തലസ്ഥാന നഗരത്തിലെ മാലിന്യം ക്വാറികളില്‍ തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. പുല്ലുവിള, കല്ലടിച്ചുവിള, വെള്ളാര്‍ എന്നീ സ്ഥലങ്ങളിലെ മൂന്നു പാറമടകളിലാണു മാലിന്യം നിക്ഷേപിക്കാന്‍ സര്‍ക്കാരും നഗരസഭയും തീരുമാനിച്ചിരുന്നത്. ക്വാറികളിലേക്കുള്ള വഴിയില്‍ നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മാലിന്യങ്ങള്‍ ക്വാറികളില്‍ തള്ളാന്‍ ഒരു തലത്തിലും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും വന്‍ പോലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണു മാലിന്യങ്ങള്‍ ക്വാറിയില്‍ തള്ളാന്‍ തീരുമാനിച്ചത്. ക്വാറികളില്‍ ജലം വറ്റിച്ചശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളില്‍ മാലിന്യം നിക്ഷേപിക്കാനാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തോളം ഈ ക്വാറികളില്‍ മാലിന്യം നിക്ഷേപിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്.