ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍

single-img
9 November 2012

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി അഴിമതി വിരുദ്ധ സംഘം നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് എംപി അനു ടണ്ഡന്‍, വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി എന്നിവരുടെ അക്കൗണ്ട് വിവരങ്ങളാണ് കെജ്‌രിവാള്‍ പ്രധാനമായും പുറത്തുവിട്ടത്.

6000 കോടി രൂപയാണ് നികുതി വെട്ടിച്ച് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. കോണ്‍ഗ്രസ് എംപി അനു ടണ്ഡന് സ്വിസ് ബാങ്കില്‍ 125 കോടി രൂപയുടെ നിക്ഷേപമാണുള്ളതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ അനില്‍ അംബാനിക്കും മുകേഷ് അംബാനിക്കും 100 കോടി രൂപയുടെ വീതം നിക്ഷേപമുണ്ട്. ഡാബര്‍ ഗ്രൂപ്പിലെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും ജെറ്റ് എയര്‍വേയ്‌സ് ഉടമ നരേഷ് ഗോയലിനും സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്‌ടെന്നും കെജ്‌രിവാള്‍ വെളിപ്പെടുത്തി. തനിക്കുള്ള വിവരസ്രോതസ് വഴിയാണ് കുറച്ചുപേരുടെ പേരുകള്‍ ലഭ്യമായതെന്ന് പറഞ്ഞ കെജ്‌രിവാള്‍ മുകേഷ് അംബാനിയുടെ പേര് പുറത്തുവിട്ടതിന് സ്വിസ് ബാങ്ക് 2012 ജനുവരിയില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതായും വെളിപ്പെടുത്തി.

റിലയ്ന്‍സ് ഗ്രൂപ്പ് കമ്പനിയായ മോട്ടക് സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് മാത്രം 2,100 കോടിയുടെ നിക്ഷേപം സ്വിസ് ബാങ്കിലുണ്‌ടെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. കോകില ധീരുഭായ് അംബാനിക്ക് അക്കൗണ്ടുണ്‌ടെങ്കിലും ഇതില്‍ ബാലന്‍സ് ഇല്ല. എസ്ബിഐയില്‍ അക്കൗണ്ട് തുറക്കുന്നതിനേക്കാള്‍ ലളിതമാണ് സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുറക്കാനുള്ള വ്യവസ്ഥകളെന്ന് പറഞ്ഞ കെജ്‌രിവാള്‍ സ്വിസ് ബാങ്ക് അക്കൗണ്ടുള്ള 700 പേരില്‍ 100 പേരുടെ ആസ്തികളാണ് സര്‍ക്കാര്‍ പരിശേധിക്കാന്‍ തയാറായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് വേണമെന്നുവെച്ചാല്‍ ഈ പണം തിരികെ എത്തിക്കാവുന്നതേയുള്ളൂവെന്നും എന്നാല്‍ വേണ്‌ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെജ്‌രിവാള്‍ പറഞ്ഞു.