ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍: സമ്മാന ഘടന ഉപഭോക്താക്കള്‍ മനസ്സിലാക്കണം

single-img
17 December 2012

Screenshot_1സംസ്ഥാനത്തെ ഒരന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാനഘടനയെപ്പറ്റിയും ഒരു കൂപ്പണില്‍ ലഭിക്കുന്ന സമ്മാനങ്ങളെപറ്റിയുമുള്ള ധാരണ ഉപഭോക്താക്കള്‍ക്ക് ഉണ്ടാവണമെന്ന്
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ എന്‍ സതീഷ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ഏതൊരു പൗരനും ഫെസ്റ്റിവലില്‍ പങ്കാളിയാവാന്‍ സാധിക്കും വിധത്തിലാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളത്. ഒരു വീടിന്റെ ദൈനംദിനാവശ്യത്തിനുവേണ്ടി വാങ്ങുന്ന പലവ്യഞ്ജനങ്ങളക്കമുള്ള സാധനങ്ങള്‍ ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയോ, സപ്ലൈകോയിലൂടെയോ, ബിഗ്ബസാറിലൂടെയോ അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റ് കടകളിലൂടെയോ ആക്കി മാറ്റിയാല്‍ കേരളത്തിലെ ഓരോ കുടുംബത്തിനും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിലയേറിയ സമ്മാനങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത കൈവരും.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടത്തുന്ന ഷോപ്പിംഗുകള്‍ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ മുഖാന്തിരമാക്കി മാറ്റാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും. ഗുണനിലവാരമുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതും ഏറ്റവും കുറഞ്ഞ പര്‍ച്ചേസിന് ഫെസ്റ്റിവല്‍ സമ്മാനകൂപ്പണുകള്‍ വിതരണം ചെയ്യുന്നതുമായ കച്ചവടസ്ഥാപനങ്ങള്‍ കണ്ടെത്തി ഷോപ്പിംഗില്‍ ഏര്‍പ്പെടണമെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ പറഞ്ഞു. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കാളിയാവുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ഒരു കൂപ്പണില്‍ നാല് തലത്തിലുള്ള സമ്മാനങ്ങള്‍ക്കുളള സാധ്യതയുണ്ടെന്നും ഉപഭോക്താക്കള്‍ ഈ അവസരം വിനിയോഗിക്കണമെന്നും ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ ഉപഭോക്താക്കളില്‍ സമ്മാനങ്ങളെത്തിക്കുന്നതിനുവേണ്ടി വീക്ക്‌ലി ഡ്രോ സംഘടിപ്പിക്കുന്നത് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ചാണ്. സൗത്ത് സോണില്‍ തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, പത്തനം തിട്ട ജില്ലകളാണുള്ളത്. സെന്‍ട്രല്‍ സോണില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളാണ് ഉള്‍ക്കൊള്ളുന്നത്. നോര്‍ത്ത് സോണില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ തത്സമയ സമ്മാനമായ സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനം ലഭിച്ചേക്കാം. ഷോപ്പിംഗിന് ശേഷം വരുന്ന ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന വീക്ക്‌ലി ഡ്രോയില്‍ സ്വര്‍ണ്ണസമ്മാനം ലഭിക്കുവാനും ഇതേ കൂപ്പണ്‍ പര്യാപ്തമാണ്. വീക്ക്‌ലി ഡ്രോയില്‍ ഒന്നാം സമ്മാനം പത്ത് പവന്‍ വീതം പതിനെട്ടുപേര്‍ക്ക് നല്‍കും.