പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ പോലീസുകാര്‍ വളഞ്ഞിട്ട് തല്ലി :സംഭവം കോണ്‍ഗ്രസ്സ്-കേരളാകോണ്‍ഗ്രസ്സ് സംഘര്‍ഷത്തിനിടയില്‍

single-img
17 May 2014
ഈരാറ്റുപേട്ട : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍  പിസി ജോര്‍ജ്ജിന്റെ മകനെ പോലീസുകാര്‍ വളഞ്ഞിട്ട് തല്ലി. ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മകനും യുവജനക്ഷേമ ബോര്‍ഡ് അംഗവുമായ ഷോണ്‍ ജോര്‍ജിന് മര്‍ദ്ദനമേറ്റത് .
തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ആഹ്ലാദപ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ്‌ വിപ്പിനെ പരിഹസിച്ചു പാരഡി ഗാനങ്ങള്‍ പാടിയിരുന്നു .തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഥ തടയുകയും ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു .
ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി.ഇതിനിടയിലാണ് ഷോണ്‍ ജോര്‍ജിനെ പോലിസ്‌ വളഞ്ഞിട്ട് മര്‍ദ്ദിച്ചത് . പരുക്കേറ്റ ഷോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലിസ്‌ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ്സ് ഇടുക്കിയില്‍ വോട്ടു മറിച്ചു എന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു.പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ പരാജയപ്പെടുത്താന്‍ പി സി ജോര്‍ജ്ജ് ശ്രമിച്ചു എന്നായിരുന്നു കോണ്‍ഗ്രസ്‌സിലെ ഒരു വിഭാഗം ആരോപിച്ചത്. അതിന്റെ ഭാഗമായാണ് സംഘര്‍ഷം ഉണ്ടായത്.