ഫേസ്ബുക്കില്‍ മോഡിക്കെതിരെ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

single-img
23 May 2014

പനാജി : ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോഡിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍.ഗോവയില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന ദേവ് ചോദങ്കാര്‍ എന്ന യുവാവിനെയാണ് ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

“മോഡി അധികാരത്തില്‍ വന്നാല്‍ ഇവിടെ  കൂട്ടക്കൊല (  holocaust )യും കലാപവും അഴിച്ചുവിടും ” എന്ന ചോദങ്കാറിന്റെ പോസ്റ്റിലെ പരാമര്‍ശമാണ് വിനയായത്.ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ചോദങ്കര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ മറ്റൊരാള്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി കോടതിയെ സമീപിച്ചെങ്കിലും  ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

47,000ത്തില്‍ അധികം അംഗങ്ങളുള്ള ഗോവ പ്ലസ് എന്ന കമ്മ്യൂണിറ്റിയിലാണ് ഇയാള്‍ മോദി വിരുദ്ധ പരാമര്‍ശം നടത്തിയത്. പെട്ടെന്നുതന്നെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ഫേയ്‌സ്ബുക്കിലെ ഗോവ സ്പീക്ക്‌സ് എന്ന കമ്മ്യൂണിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ പ്രയോഗം ശരിയായില്ലെന്നും പക്ഷെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഫാസിസ്റ്റുകളുടെ നിഷ്ഠൂരഭരണത്തിനെതിരായുള്ള കുരിശുയുദ്ധം എന്നാണ് ചോദങ്കര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിശേഷിപ്പിച്ചത്.

അതേസമയം ചോദങ്കറിന്റെ അറസ്റ്റ് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ അഭിപ്രായം പറഞ്ഞതിനല്ല തീവ്രവികാരമുണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് അറസ്റ്റു ചെയ്തതെന്നാണ് ഗോവ പോലീസിന്റെ വാദം.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മുന്‍ ചെയര്‍മാന്‍ അതുല്‍ പൈ കെയിന്‍ ആണ് ചോദങ്കാറിനെതിരെ പരാതി നല്‍കിയത്.ബി ജെ പിയ്ക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാനും ഭീഷണിപ്പെടുത്താനും പ്രസ്തുത പോസ്റ്റിലൂടെ ചോദങ്കാര്‍ ശ്രമിച്ചു എന്നാണു പരാതിക്കാരന്റെ വാദം.പക്ഷെ മതനിന്ദ തടയുന്നതിനുള്ള ഐ പി സി 295 A അടക്കമുള്ള വകുപ്പുകള്‍ ചോദങ്കാറിന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്തത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.