മേഘാലയയില്‍ ബലാല്‍സംഗം ചെറുത്ത യുവതിയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്ന സംഭവം:പോലീസും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

single-img
5 June 2014

സൌത്ത് ഗാരോ ഹില്‍സ് (മേഘാലയ) : ബലാല്‍സംഗം ചെറുത്ത യുവതിയെ തീവ്രവാദികള്‍ തലയില്‍ ആറു തവണ നിറയൊഴിച്ചു കൊലപ്പെടുത്തി.സംഭവത്തിന്റെ ഉത്തരവാദിത്തം ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി( GNLA) എന്ന തീവ്രവാദി സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.സംഭവസ്ഥലത്ത് പോലീസും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

മേഘാലയയിലെ സൗത്ത്‌ ഗാരോ ഹില്‍ പ്രദേശത്താണ്‌ സംഭവം നടന്നത്‌. വീട്ടിലുണ്ടായിരുന്ന അഞ്ചു മക്കളെയും ഭര്‍ത്താവിനെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടശേഷം സംഘം യുവതിയെ പുറത്തേക്ക്‌ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. നാലഞ്ചുപേരടങ്ങിയ സംഘമാണ്‌ ആക്രമണത്തിനു പിന്നില്‍. മാനഭംഗ ശ്രമത്തെ യുവതി എതിര്‍ത്തതോടെയാണ്‌ സംഘം വെടിയുതിര്‍ത്തത്‌. അടുത്തുനിന്നുള്ള വെടിവയ്‌പില്‍ തലയോട്ടി തന്നെ ചിതറിപ്പോയെന്ന്‌ പോലീസ്‌ പറഞ്ഞു. 

യുവതി പോലീസിന്റെ ഇന്ഫോമര്‍ ആയിരുന്നുവെന്നും അതാണ്‌ അക്രമത്തിനു തങ്ങളെ പ്രേരിപ്പിച്ചത് എന്നും ജി എന്‍ എല്‍ എ മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.തങ്ങളുടെ സംഘത്തിലെ ചില മുതിര്‍ന്ന നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ യുവതി പോലീസിനു കൈമാറിയതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്.

തീവ്രവാദി സംഘവുമായി പോലീസ് ഏറ്റുമുട്ടല്‍ തുടരുകയാണ്.രാവിലെ 7:30 മുതല്‍ ദുരാമ വനപ്രദേശത്ത് പോലീസും തീവ്രവാദികളും തമ്മില്‍ വെടിവെയ്പ്പ് നടക്കുകയാണെന്ന് മേഘാലയ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജി എച്ച് പി രാജു പറഞ്ഞു.