തമ്മിലടി;കേരളത്തില്‍ ആം ആദ്മി സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി

single-img
6 August 2014

aapനേതൃത്വത്തിലെ പടലപ്പിണക്കങ്ങൾ മൂലം കേരളത്തില്‍ ആം ആദ്മി സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി.പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ അധികാരതർക്കങ്ങളാണു ആം ആദ്മിയിലെ പുതിയ സംഭവവികാസങ്ങൾക്ക് കാരണം.

ആം ആദ്മി പാര്‍ട്ടി നേതാവ് സദാനന്ദ ഭട്ടിന്റെ ഉടമസ്ഥതയിലുളള കൊച്ചി എംജി റോഡിലുള്ള കെട്ടിടം പൂട്ടിയിരിക്കുകയാണു. കെട്ടിടത്തില്‍ ഇപ്പോള്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ഓഫീസാണ് പ്രവര്‍ത്തിക്കുന്നത്. സദാനന്ദ ഭട്ട് തന്നെയാണ് സംഘടനയുടെ ഭാരവാഹി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിയെ സഹായിക്കാന്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൂന്ന് കമ്മിറ്റികളാണ് രൂപീകരിച്ചത്. രാജിവെച്ച അനിതാ പ്രതാപ്, കെപി നൂറുദ്ദീന്‍, അജിത് ജോഗി, സാറാ ജോസഫ്, എംഎന്‍ കാരശ്ശേരി എന്നിവരടങ്ങുന്ന ആദ്യ കമ്മിറ്റിക്ക് പിന്നാലെ അജിത, എംഎന്‍ കാരശ്ശേരി, കെ. വേണു എന്നിവരടങ്ങുന്ന സമിതി ഒന്നര മാസത്തിനുള്ളില്‍ വീണ്ടും രൂപം കൊണ്ടു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെട്ട അഞ്ച് കമ്മിറ്റികൾ പിന്നെയും ഉണ്ടായി.

പ്രസിഡന്റ് സ്ഥാനം വേണ്ടമെന്ന് ആവശ്യപ്പെട്ടിരുന്ന അനിത പ്രതാപ് ഇപ്പോൾ പാർട്ടി വേദികളിലും വരുന്നില്ല.സോഷ്യല്‍ മീഡിയകളില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പരസ്പരം നടത്തുന്ന പഴി ചാരലുകളും തമ്മിലടികളും പാർട്ടിയിൽ വൻ തലവേദനയാണു സൃഷ്ടിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ആഘോഷപൂർവ്വം മത്സരിപ്പിച്ചവരെ പുറത്താക്കിയതും അവർ പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും പാർട്ടിയുടെ ജനമധ്യത്തിലുള്ള വിശ്വാസം നശിപ്പിച്ചു.ആം ആദ്മി രൂപീകരിച്ചതിനു പിന്നാലെ അധികാരമോഹികളായുള്ളവർ പാർട്ടിയിൽ കടന്ന് കയറിയതാണു കേരളത്തിലെ പാർട്ടിയെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്നാണു “ആം ആദ്മികൾ” പറയുന്നത്