ആലുവയിൽ മൂന്നുനില വീട് മണ്ണിലേക്ക് താഴ്ന്ന് മാതാപിതാക്കളും മകളും മരിച്ചു

single-img
7 August 2014

aluvaആലുവ പൈപ്പ്‌ലൈന്‍ റോഡില്‍ കുന്നത്തേരി ജംഗ്ഷനു സമീപം മൂന്നുനില വീട് മണ്ണിലേക്ക് താഴ്ന്ന് മാതാപിതാക്കളും മകളും മരിച്ചു. ഷാജഹാന്‍ (48), ഭാര്യ സെയ്ഫുന്നിസ (34), മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐഷ (13) എന്നിവരാണ് മരിച്ചത്.

 

ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം . മഴ തോരാതെ നിന്നതോടെ കെട്ടിടത്തിനു ചുറ്റും വെള്ളം കെട്ടിയിരുന്നു. ഇതോടെ തറയിലെ മണ്ണിളകിയതാണ് കെട്ടിടം ഇടിഞ്ഞുതാഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൂന്നു സെന്റില്‍ നിര്‍മിച്ച കെട്ടിടത്തിന് 16 വര്‍ഷത്തെ പഴക്കമുണ്ട്. ആലുവ അഗ്‌നിശമന സേന സ്ഥലത്തെത്തി രാത്രി 10 മണിയോടെ ഐഷയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

 

ഷാജഹാന്റെ മൃതദേഹം രാത്രി 12 മണിയോടെയും സെയ്ഫുന്നിസുടെ മൃതദേഹം പുലര്‍ച്ചെ ഒരു മണിയോടെയുമാണ് പുറത്തെടുത്തത്. കെട്ടിടത്തിനു താഴെ കടയും ഒന്നാം നിലയിലും മുകളിലും ആളുകള്‍ താമസിക്കുന്നതുമായിരുന്നു. താഴെ നിലയിലൂടെ മാത്രമേ പുറത്തേക്ക് ഇറങ്ങാനാകുമായിരുന്നുള്ളൂ.

 

അതേസമയം വീടിനു പുറത്തായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ (16) ദുരന്തത്തില്‍ പെടാതെ രക്ഷപ്പെട്ടു. സാബിര്‍ വീടിന്റെ ജനാലയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് കെട്ടിടം താഴേയ്ക്ക് ഇരിക്കുന്നത് കണ്ടത്. ഉടന്‍ ഒച്ചവെച്ച് പുറത്തിറങ്ങിയെങ്കിലും അകത്തുനിന്ന് മാതാപിതാക്കള്‍ക്കും മകള്‍ക്കും ഇറങ്ങാനായില്ല.

 

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെല്‍ഡിങ് വര്‍ക്‌ഷോപ്പ് ഉണ്ടായിരുന്നു. ഇതിലെ ബംഗാളി തൊഴിലാളികള്‍ മുകളിലെ നിലയില്‍ താമസിച്ചിരുന്നു. ഇവര്‍ ശബ്ദംകേട്ട് താഴേയ്ക്ക് ചാടിയിറങ്ങി രക്ഷപ്പെട്ടു.

 

ആലുവ, ഏലൂര്‍, ഗാന്ധിനഗര്‍, തൃക്കാക്കര ഫയര്‍സ്‌റ്റേഷന്‍ യൂണിറ്റുകളില്‍ നിന്നായി നാല്പതോളം അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും എത്തി.