പാലക്കാട് കോച്ച് ഫാക്ടറി ഡിസംബറില്‍ റീടെന്‍ഡര്‍ ചെയ്യും

single-img
12 August 2014

images (9)പാലക്കാട് കോച്ച് ഫാക്ടറി ഡിസംബറില്‍ റീടെന്‍ഡര്‍ ചെയ്യും. ഷൊര്‍ണ്ണൂര്‍ – മംഗലാപുരം പാതയുടെ വൈദ്യുതീകരണം രണ്ടായിരത്തി പതിനാറ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനും ദില്ലിയില്‍ റെയില്‍ മന്ത്രി സദാനന്ദ ഗൗഡ വിളിച്ച സംസ്ഥാന എംപിമാരുടെ യോഗത്തില്‍ തീരുമാനമായി.പാലക്കാട് കോച്ച് ഫാക്ടറിയില്‍ അലുമിനിയം കോച്ച് മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നും തീരുമാനമായി.

 

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്റെ ചേംബറിലാണ് റെയില്‍ മന്ത്രി സദാനന്ദ ഗൗഡയുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തെക്കുറിച്ച് ചര്‍ച്ച നടന്നത്.എറണാകുളം – ചെങ്ങന്നൂര്‍, എറണാകുളം – ആലപ്പുഴ – കായംകുളം പാത ഇരട്ടിപ്പിക്കലിന് കൂടുതല്‍ തുക നീക്കിവയ്‌ക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്‍പ്രസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കണമെന്ന എംപിമാരുടെ ആവശ്യം പഠിച്ച് തീരുമാനം അറിയിക്കാമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

 
ഷൊര്‍ണ്ണൂര്‍ – മംഗലാപുരം പാതയുടെ വൈദ്യുതീകരണം 2016 മാര്‍ച്ചിലും പാലക്കാട് – പൊള്ളാച്ചി ഗേജ് മാറ്റം 2015 മാര്‍ച്ചിലും പൂര്‍ത്തിയാക്കും. അങ്കമാലി ശബരിമല പാതയ്‌ക്ക് 1566 കോടി രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്ന ചെലവെന്നും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.അതേസമയം പാന്‍ട്രി കാറില്ലാതെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 10 തീവണ്ടികളില്‍ പാന്‍ട്രികാര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.