കണ്‍മുന്നില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച യുവാവിന് ബന്ധുക്കളുടെ വക ക്രൂരമായ മര്‍ദ്ദനം

single-img
16 August 2014

accidentവീട്ടിലേക്ക് പോകുന്നവഴി, ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡില്‍ വീണയാളെ സഹായിക്കാനെത്തിയ സര്‍ക്കാര്‍ ജീവനക്കാരന് എട്ടംഗസംഘത്തിന്റെ മര്‍ദ്ദനം. സെക്രട്ടേറിയറ്റ് ധനവകുപ്പിലെ അണ്ടര്‍സെക്രട്ടറി കുടപ്പനക്കുന്ന് പാലാംവിള ലെയിനില്‍ സനീഷ്‌കുമാറി (41) നാണ് എട്ടംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം സനീഷും ഭാര്യയും കാറില്‍ അമ്പലമുക്കില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തുപോയ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും ബൈക്ക് ഓടിച്ചിരുന്നയാള്‍ റോഡില്‍ വീഴുകയും ചെയ്തു. സംഭവം കണ്ട സനീഷ് കാറില്‍നിന്ന് ഇറങ്ങുകയും അപകടത്തില്‍പ്പെട്ടയാളെ തന്റെ വാഹനത്തില്‍ത്തന്നെ അമ്പലമുക്കിലെ ഒരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് സനീഷിന്റെ വാഹനം തടഞ്ഞുനിര്‍ത്തി പരിക്കേറ്റയാളുടെ സുഹൃത്തുക്കളും ചിലരും ചേര്‍ന്ന് സനീഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റത് സനീഷ്‌കുമാര്‍ ഓടിച്ച വാഹനം ഇടിച്ചാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമെന്നാണ് പോലീസ് പറയുന്നത്. കമ്പികൊണ്ട് തലയ്ക്കടിയേറ്റ സനീഷ് ആശുപത്രിയില്‍ ചചികിത്സയിലാണ്. ഇതിനിടെ ബൈക്ക് തെന്നിവീണ് പരിക്കേറ്റയാളും ഇയാളുടെ സഹായികളും രക്ഷപ്പെടുകയായിരുന്നു.