ജമ്മുകാശ്‌മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു

single-img
6 September 2014

Kashmir2ജമ്മുകാശ്‌മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ട്.ആയിരക്കണക്കിന് വീടുകൾ തകർന്നു എന്നാണ് കണക്ക്.

 

നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്.
ഇതോടെ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി . അതിനിടെ ഒഴുക്കിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജവാന്മാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. ഏഴു ജവാന്മാരെ സൈന്യം രക്ഷപ്പെടുത്തി. മറ്റു രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ജമ്മുവിലെ പുൽവാമ ജില്ലയിലാണ് സംഭവം. ‌‌‌‌

 

കനത്ത മഴയ്ക്ക് ഇപ്പോഴും ശമനം വന്നിട്ടില്ല. ഒട്ടേറെ പാലങ്ങളും റോഡുകളും വെള്ളത്തിൽ ഒലുച്ചു പോയതോടെ കാശ്‌മീരിന്റെ പലമേഖലകളും ഒറ്റപ്പെട്ട നിലയിലാണ്‌.
തവി നദി കരകവിഞ്ഞൊഴുകുന്നതിനാൽ ജമ്മു നഗരത്തെ ബന്ധിപ്പിക്കുന്ന നാല് പാലങ്ങൾ അധികൃതർ അടച്ചു. വെള്ളപ്പൊക്കത്തിൽ പാലങ്ങൾക്ക് കേടുപാട് സംഭവിച്ചതിനെ തുടർന്നാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കാശ്‌മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

 

ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.