ക്രിസ്മസ് ദിനത്തിന് സ്‌കൂള്‍ തുറക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
15 December 2014

smrithമുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പെപെയിയുടെയും ഹിന്ദുമഹാസഭ നേതാവ് മദന്‍ മോഹന്‍ മാള്‍വിയയുടെയും പിറന്നാള്‍ ആഘോഷം ‘സദ്ഭരണ ദിനം’ എന്ന പേരില്‍ ഡിസംബര്‍ 25ന് ആഘോഷിക്കണമെന്നും അതിനാല്‍ ക്രിസ്മസ് ദിനത്തില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന വിവാദ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവശേഷി വികസന വകുപ്പ്.

സ്മൃതി ഇറാനി ഭരിക്കുന്ന വകുപ്പാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം. ഡിസംബര്‍ 24നും 25നും സിബിഎസ്ഇ സ്‌കൂളുകളില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കണമെന്നും ബിജെപി സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതാദ്യമായിട്ടല്ല വിവാദമായ നിര്‍ദ്ദേശങ്ങള്‍ മാനവവിഭവശേഷി വകുപ്പ് പുറപ്പെടുവിക്കുന്നത്. നേരത്തെ അധ്യാപക ദിനം ‘ഗുരുത്സവായി ആഘോഷിക്കണമെന്ന നിര്‍ദ്ദേശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സിബിഎസ്ഇ അവരുടെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഡിസംബര്‍ 24നും 25നും സിബിഎസ്ഇ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നുണ്ടെന്നും, മത്സരത്തിന്റെ വിഷയം എന്താണെന്ന് 23ന് അറിയിക്കുമെന്നുമായിരുന്നു നവോദയക്ക് ലഭിച്ച സര്‍ക്കുലറില്‍ ഉള്ളത്.

അതേസമയം ക്രിസ്മസ് ദിവസത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്‌മൃതി ഇറാനി രംഗത്തെത്തി.എന്നാൽ അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ വഴി ഉപന്യാസ മത്സരം നടത്തുമെന്നും സ്‌മൃതി ഇറാനി പറഞ്ഞു. സംഭവത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.വിഷയത്തില്‍ രാജ്യസഭയില്‍ ഇടതുപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം രാജ്യസഭാ ഉപാദദ്ധ്യക്ഷന്‍ തള്ളിയതിനെതുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.