കണമലയില്‍ ഇന്ന് ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു, ഇനിയും ദുരന്തങ്ങള്‍ക്ക് സാക്ഷിയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ………..

single-img
23 December 2014
unnamedകണ്‍മുന്നില്‍ കണ്ട വാഹനാപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കണക്കില്ല. എരുമേലിയില്‍ നിന്നും പമ്പലയിലേക്കുള്ള തീര്‍ത്ഥാടനപാതയിലെ കണമല കോസ്‌വേ ഇന്നലെ വരെ ഒരു നാടിനും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പേടിസ്വപ്നമായിരുന്നു. എന്നാല്‍ ഇന്ന് കണമലയില്‍ ഒരു നാടിന്റെ സ്വപ്നം പൂവണിയുകയാണ്. കിഴക്കന്‍ മലയോരപ്രദേശത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും സുഗമയാത്രയുടെ വഴിയൊരുക്കി കണമല പാലം ഇന്ന് നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണമല പാലം ഇന്ന് നാടിന് സമര്‍പ്പിക്കുന്നതോടെ ലക്ഷക്കണക്കിന് തീര്‍ത്ഥാടന വാഹനങ്ങള്‍ ഓടിയിരുന്ന കണമല കോസ്‌വേയിലെ വാഹനങ്ങളുടെ തിരക്ക് ഇനി ഓര്‍മ്മയിലേക്ക് മറയും.
പമ്പാവാലി നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് പാലം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ സാക്ഷാല്‍കരിക്കപ്പെടുന്നത്. കോട്ടയം പത്തനംതിട്ട പ്രദേശങ്ങളുടെ അതിര്‍ത്തിപ്രദേശമായ കണമലയില്‍ ആദ്യകാലത്ത് കടത്തുവഞ്ചി മാത്രമായിരുന്നു ആശ്രയം. പിന്നീടാണ് പമ്പാനദിക്ക് കുറുകെ വാഹനഗതാഗതത്തിനും മറ്റാവശ്യത്തിനുമായി കോസ്‌വേ നിര്‍മ്മിച്ചത്. എന്നാല്‍ ഒരു ബസിന് കഷ്ടിച്ച് കടന്നുപോകാവുന്ന തരത്തിലാണ് കോസ് വേ നിര്‍മ്മിച്ചത്. മാത്രമല്ല മഴക്കാലത്ത് പമ്പാനദി കവിഞ്ഞൊഴുകുമ്പോള്‍ കോസ് വേയിലൂടെയുള്ള വാഹനഗതാഗതം അസാധ്യമായിരുന്നു. ഈ പ്രദേശമാകെ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പെരുകിയതോടെ കണമല കോസ്‌വേയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. കോസ് വേ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണമലയ്ക്ക് സമീപം ശബരിമല തീര്‍ത്താടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേര്‍ മരിച്ചതോടെയാണ് കണമലയില്‍ പുതിയ പാലം എന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 96 മീറ്റര്‍ നീളത്തില്‍ 11.23 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിന് 8 കോടിയേളം രൂപയാണ് നിര്‍മ്മാണ ചിലവ്. യു.ഡി.എഫ് മന്ത്രിസഭയിലെ പ്രമുഖരെല്ലാം പങ്കെടുക്കുന്ന പുതിയ പാലത്തിന്റെ ഉദ്ഘാടനചടങ്ങ് വലിയയൊരു ആഘോഷമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.