വടക്കേ ഇന്ത്യയില്‍ കടുത്ത മൂടല്‍മഞ്ഞ് : ജനജീവിതം ദുസ്സഹമാക്കി,14 മരണം

single-img
23 December 2014

c]വടക്കേ ഇന്ത്യയില്‍ കടുത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുസ്സഹമാക്കി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി കടുത്ത തണുപ്പിന്റെ പിടിയിലാണ്. തണുപ്പിലും അനുബന്ധ അപകടങ്ങളിലുമായി 14 പേര്‍ ഇതുവരെ മരണപ്പെട്ടു.

തലസ്ഥാനത്തെ കുറഞ്ഞ താപനില 4.2 ഡിഗ്രിയും കൂടിയ താപനില 16 ഡിഗ്രിയുമായിരുന്നു. കടുത്ത മൂടല്‍മഞ്ഞുമൂലം 70-ഓളം ട്രെയിനുകളും 25 വിമാനങ്ങളും വൈകി. അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. 12 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.

രാജധാനി അടക്കമുള്ള ട്രെയിനുകള്‍ 3-4 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ മുന്നില്‍ കാണാനാവുന്ന ദൂരം 50 മീറ്ററായി കുറഞ്ഞതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. സ്‌കൂളില്‍ പോകുന്ന കുട്ടികളെയും ഓഫീസ് ജീവനക്കാരെയും ഇത് വലച്ചു.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കൂടിയ താപനില 16.1 ഡിഗ്രിയും കുറഞ്ഞ താപനില 4.9 ഡിഗ്രിയുമായിരുന്നു. കടുത്ത തണുപ്പു മൂലം യു.പിയില്‍ എട്ടുപേരും ഡല്‍ഹിയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാനായി വീട്ടില്‍ കല്‍ക്കരി കത്തിച്ചുണ്ടായ പുകയില്‍ ശ്വാസം മുട്ടി മൂന്നുപേരും മരിച്ചു.
മൂടല്‍മഞ്ഞില്‍ ബസ് ട്രാക്ടറില്‍ ഇടിച്ച് ഉത്തര്‍പ്രദേശിലെ ബദായൂമിലുണ്ടായ അപകടത്തിലാണ് മറ്റു രണ്ടുപേര്‍ മരിച്ചത്. ഉത്തരേന്ത്യയിലെ കടുത്ത തണുപ്പും മൂടല്‍മഞ്ഞും ഈ ആഴ്ച മുഴുവന്‍ തുടരുമെന്നാണ് കാലാവസ്ഥാവിഭാഗം അറിയിക്കുന്നത്.