‘പ്രതികൂല സാഹചര്യം വേണമെങ്കില്‍ സ്വയം പ്രതിരോധിച്ചോ’ തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ് ശശി തരൂരിനെ കൈവിടുന്നു

single-img
12 January 2015

sമൊത്തത്തില്‍ അടിത്തറ ഇളകി. അതിനാല്‍ തന്നെ മുഖം ഒരിക്കല്‍കൂടി വികൃതമാക്കാനില്ല………ഇത്തരമൊരു സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ശശി തരൂരിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

 

 

സുനന്ദയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ കോണ്‍ഗ്രസ് ശശി തരൂരിനെ കൈവിട്ട് സ്വയം തടിതപ്പുകയാണ്. പൊലീസ് അന്വേഷണത്തെ രാഷ്ട്രീയമായി എതിര്‍ക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തതോടെ ശശി തരൂര്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തു. പ്രതികൂല സാഹചര്യം സ്വയം പ്രതിരോധിക്കണമെന്ന് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേല്‍ തരൂരിനെ അറിയിക്കുകയും ചെയ്തു.

 

 

സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം ഏകപക്ഷീയമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ അറിയിച്ചത്. എന്നാല്‍ ശശി തരൂര്‍ ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അഹമ്മദ് പട്ടേല്‍ തയ്യാറായതുമില്ല. ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷത്തിനുമുള്ളത്. സുനന്ദയുടെ മരണവും അതേകുറിച്ചുള്ള പൊലീസ് അന്വേഷണവും ശശി തരൂരിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ഇന്നലെ കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോയും വ്യക്തമാക്കിയിരുന്നു.

 

 

അതേസമയം ഈ ആഴ്ച തന്നെ തരൂരിനെ പൊലീസ് ചോദ്യം ചെയ്‌തേക്കും എന്ന സൂചനയുണ്ട്. ഈ വരുന്ന14ാം തിയതി അന്വേഷണ പുരോഗതി മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.